ഗിൽഫോർഡ്: യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ
ഗിൽഫോർഡ് മലയാളി അസോസിയേഷൻ (ജി എം എ ) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ, ഏവർക്കും ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് വർണ്ണാഭമായി നടത്തപ്പെട്ടു.
തിരുവോണനാളിൽ രാവിലെ 10 മണിക്ക് ഉത്സവപ്രതീതി ജനിപ്പിച്ചുകൊണ്ട് ഫെയർ ലാൻഡ്സ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ആഘോഷങ്ങൾക്ക് അവിസ്മരണീയമായ തുടക്കമായി.
അത്തപ്പൂക്കളം, കുട്ടികളുടെ കായികമത്സരങ്ങൾ എന്നിവയെ തുടർന്ന് ഏവരുടെയും ആവേശം വാനോളം ഉയർത്തി ഓണത്തിന്റെ തനത് കായിക രൂപമായ, വടംവലി മത്സരവും അരങ്ങേറി. ഉടനെതന്നെ മുത്തുക്കുടകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ മാവേലിമന്നന്റെ എഴുന്നള്ളത്ത് ഏവർക്കും കൗതുകമുള്ള കാഴ്ചയായി. വളരെ ലളിതമായ ഉദ്ഘാടന ചടങ്ങിൽ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ശ്രീ ആന്റണി അബ്രഹാം, യുക്മാ സ്ഥാപക പ്രസിഡണ്ട് ശ്രീ വർഗീസ് ജോൺ, ജി എം എ കമ്മറ്റി അംഗങ്ങൾ, ജി എം എ മെമ്പർ സ്നേഹ ബിബിന്റെ മാതാവ് ലാലി ജോസഫ് എന്നിവർ ചേർന്ന്ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജി എം എ പ്രസിഡണ്ട് ശ്രീ പോൾ ജെയിംസ് ഏവർക്കും ഓണാശംസകൾ നേർന്നു. ചടങ്ങിൽ എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജലി ജോജിയെ പ്രത്യേകമായി അനുമോദിച്ചു.
കൃത്യം 12 30ന് തന്നെ വിഭവസമൃദ്ധമായ ഓണസദ്യയും അതിനെ തുടർന്ന് ഏവരെയും ആനന്ദ ലഹരിയിൽ ആറാടിച്ചു കൊണ്ട്, ചിട്ടയായ ക്രമീകരണത്തിലൂടെ രണ്ടുമണിക്കൂർ നേരം കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.വിവിധ സംഗീത നൃത്ത കലാവിരുന്ന് കൾക്കിടയിൽ കുട്ടികളുടെ പുലി കളി, ഫാഷൻ ഷോ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
അസോസിയേഷൻ സെക്രട്ടറി ശ്രീ ജോജി ജോസഫ്, രാഫിൽ(തമ്പോല )മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ മാത്യു വി മത്തായി, ട്രഷറർ തോമസ് ജോസഫ് എന്നിവർ ചേർന്ന് കായിക മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. കൾച്ചറൽ കൺവീനർമാരായ ശ്രീമതി ജെസ്സി ജോജി, ജൂലി പോൾ എന്നിവർ കലാപരിപാടികൾ മനോഹരമാക്കി തീർക്കുന്നതിന് നേതൃത്വം നൽകി.അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു കൊണ്ടുള്ള പൊതുയോഗ തോടുകൂടി കൃത്യം ആറുമണിക്ക് ആഘോഷ പരിപാടികൾ അവസാനിച്ചു.